കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍നിന്നു കടന്നുകളഞ്ഞ വ്യവസായി വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ച് യുകെ ഹൈക്കോടതി. ഇതോടെ എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് മല്യയുടെ വിദേശത്തുള്ള ആസ്തികള്‍ ഉള്‍പ്പെടെ മരവിപ്പിച്ച് പണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ക്കു വേഗമേറും. കിങ്ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട 9,000 കോടി രൂപയുടെ വായ്പാതട്ടിപ്പ് കേസ് ഇഡിയും സിബിഐയും അന്വേഷിക്കുകയാണ്.
ഇന്ത്യന്‍ കോടതികളില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ പാപ്പര്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന മല്യയുടെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി. നിശ്ചിത സമയത്ത് വായ്പകുടിശിക മുഴുവനായി തിരിച്ചടയ്ക്കുമെന്നു വിശ്വസിക്കാനുള്ള തെളിവുകളൊന്നുമില്ലെന്നു കോടതി വ്യക്തമാക്കി. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുവദിക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു.
എസ്ബിഐ ഉള്‍പ്പെടെ 13 ബാങ്കുകളാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. തന്നെ ഇന്ത്യക്കു കൈമാറരുതെന്ന മല്യയുടെ ആവശ്യം എല്ലാ കോടതികളും തള്ളിയിരുന്നു. പാപ്പരായി പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ ആസ്തികള്‍, ബാങ്ക് അക്കൗണ്ട്, കെഡിറ്റ് കാര്‍ഡുകള്‍ ഉള്‍പ്പെടെ ട്രസ്റ്റിക്കു കൈമാറേണ്ടിവരും. തുടര്‍ന്ന് ട്രസ്റ്റിയുടെ മേല്‍നോട്ടത്തിലാവും ആസ്തിയും ബാധ്യതയും കണക്കാക്കുക. ആസ്തികള്‍ വിറ്റ് ബാധ്യത വീട്ടുകയും ചെയ്യും. അതേസമയം 6,200 രൂപയുടെ ബാധ്യതയുടെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തന്റെ 14,000 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടുകയാണെന്ന് മല്യ ആരോപിച്ചു.
മല്യയുടെ ഫ്രാന്‍സിലെ ആസ്തികള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ഇഡി അഭ്യര്‍ഥന പ്രകാരം ഫ്രഞ്ച് അധികൃതര്‍ സ്വത്തുക്കള്‍ പിടിച്ചെടുത്തു. വിവിധ കേസുകളില്‍ ജാമ്യം നേടി ബ്രിട്ടനില്‍ കഴിയുന്ന മല്യ അവിടെ അഭയം തേടിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.