മുൻ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ അക്രമക്കേസിൽ സർക്കാരാണ് വാദി. പ്രതിസ്ഥാനത്ത് മന്ത്രി! അതേ മന്ത്രിയും സ്വന്തം പക്ഷക്കാരായ മറ്റു പ്രതികളും തെറ്റുകാരല്ലാത്തതിനാൽ കേസ് പിൻവലിക്കാൻ അനുവദിക്കണമെന്നു സുപ്രീം കോടതി വരെ വാദിച്ചു തോറ്റ സർക്കാർ ഇപ്പോൾ കീഴ്ക്കോടതിയിൽ വാദിക്കുന്നത് നേരെ തിരിച്ചാണ്; പ്രതികൾ പൂർണ ബോധ്യത്തോടെ നടത്തിയ അക്രമം ആയതിനാൽ വിടുതൽ ഹർജി അനുവദിക്കരുതെന്ന്!!
നിയമസഭയിൽ നശിപ്പിക്കപ്പെട്ടതൊന്നും പൊതുമുതൽ അല്ലെന്നായിരുന്നു സുപ്രീം കോടതിയിലെ സർക്കാർ വാദമെങ്കിൽ നികുതിപ്പണം കൊണ്ടു വാങ്ങിയ ഉപകരണങ്ങൾ എംഎൽഎമാർക്കു നശിപ്പിക്കാനുള്ളതല്ലെന്നാണ് ഇപ്പോഴത്തെ വാദം. പക്ഷേ വിചാരണയില്ലാതെ രക്ഷപ്പെടാൻ സർക്കാരിന്റെ വിശ്വാസ്യതയെതന്നെ തള്ളിപ്പറയുകയാണിപ്പോൾ പ്രതികൾ. കോടതിയിൽ സർക്കാർ ഹാജരാക്കിയ തെളിവായ അക്രമ ദൃശ്യങ്ങൾ വ്യാജമാണെന്നാണു മന്ത്രിയും എംഎൽഎയും അടക്കമുളള പ്രതികളുടെ പുതിയ വാദം!
നിയമസഭ അക്രമക്കേസ് പിൻവലിക്കാനാകാതെ വന്നതോടെ ‘വൈരുധ്യാത്മക ദുര്യോഗവാദ’ങ്ങളുടെ ഊരാക്കുടുക്കിൽ അകപ്പെട്ടിരിക്കുകയാണ് സർക്കാരും സിപിഎമ്മും. പ്രതിപ്പട്ടികയിലുള്ള സ്വന്തക്കാരെയെല്ലാം രക്ഷിച്ചെടുക്കാൻ ആഗ്രഹിക്കുമ്പോഴും ‘സ്റ്റേറ്റ്’ എന്ന നിലയിൽ അവർക്കെതിരെ വാദിക്കാതെ ഇടതു സർക്കാരിനു നിവൃത്തിയില്ല. കേസ് പിൻവലിക്കാൻ സുപ്രീം കോടതി വരെ എന്താണോ സർക്കാർ വാദിച്ചത്, അതിൽനിന്നു മലക്കംമറിഞ്ഞു മാത്രമേ ഇനി വാദിക്കാനാകൂ എന്നു ചുരുക്കം. വിചാരണ ഘട്ടത്തിൽ ഇതും പ്രതിഭാഗം ആയുധമാക്കിയേക്കാം.
മന്ത്രി കുറ്റക്കാരനാണെന്നു സ്ഥാപിക്കാൻ അദ്ദേഹം കൂടി ഉൾപ്പെട്ട സർക്കാരിന് വാദിക്കേണ്ടി വരുന്ന സാഹചര്യം നിയമപരമായും രാഷ്ട്രീയമായും ധാർമികമായും നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. അതെല്ലാം സർക്കാരിനെയും പാർട്ടിയെയും ഒരുപോലെ അലോസരപ്പെടുത്തുന്നതാണ്. കേസിലെ മറ്റു പ്രതികളായ കെ.ടി.ജലീൽ എംഎൽഎ, മുൻ മന്ത്രി ഇ.പി.ജയരാജൻ, മുൻ എംഎൽഎമാരായ സി.കെ.സദാശിവൻ, കെ.കുഞ്ഞമ്മദ്, കെ.അജിത്ത് എന്നിവരെല്ലാം വിടുതൽ ഹർജികളിൽ പ്രോസിക്യൂഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സമാന വാദങ്ങളാണ് ഉയർത്തിയത്.