മലബാറിലെ ബ്രിട്ടീഷ് ക്രൂരതയുടെ ഏറ്റവും വലിയ ഉദാഹരണമായ വാഗൺ ദുരന്തത്തിലെ ഇരകളും സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയിൽ നിന്ന് പുറത്തേക്ക്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ തുടങ്ങി മലബാർ സമരത്തിൽ രക്തസാക്ഷികളായവരെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ശിപാര്‍ശയ്ക്ക് പിന്നാലെയാണ് ഐസിഎച്ച്ആറിന്റെ പുതിയ നീക്കം. വാഗൺ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ പേര് നീക്കം ചെയ്യാൻ ഐസിഎച്ച്ആറിന്റെ മൂന്നംഗ പുനഃപരിശോധനാ സമിതി ശിപാർശ ചെയ്തതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.
1921ലെ മലബാർ സമരത്തെ തുടർന്ന് ബ്രിട്ടീഷ് സേന അറസ്റ്റ് ചെയ്തവരെ കോയമ്പത്തൂർ ജയിലിലടയ്ക്കാൻ നവംബർ 19-ന് തിരൂരിൽ നിന്ന് ചരക്കുവാഗണിൽ കുത്തിനിറച്ച് കൊണ്ടുപോയതിനെ തുടർന്ന് ശ്വാസം കിട്ടാതെ 64 പേർ മരിച്ച സംഭവമാണ് വാഗൺ ദുരന്തം. കുന്നപ്പള്ളി അച്യുതൻ നായർ, മേലേടത്ത് ശങ്കരൻ നായർ, റിസാക്കിൽപാലത്തിൽ തട്ടാൻ ഉണ്ണിപ്പുറയൻ, ചോലക്കപ്പറമ്പയിൽ ചെട്ടിച്ചിപ്പു തുടങ്ങിയ ഹിന്ദുക്കൾ ഉൾപ്പെടെ 64 പേരാണ് പിടഞ്ഞു മരിച്ചത്. വാഗൺ ദുരന്തത്തിന് ഇരയായവർ രക്തസാക്ഷികളാണെങ്കിലും സ്വാതന്ത്ര്യ സമരസേനാനികളായി കണക്കാക്കാനാവില്ലെന്ന് ഐ.സി.എച്ച്ആർ പറയുന്നു. കലാപമുണ്ടാക്കിയതിനും നിർബന്ധിത മതപരിവർത്തനം നടത്തിയതിനുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത് എന്ന് ഐസിഎച്ച്ആർ അവകാശപ്പെടുന്നു.
ഇത്തരം സംഭവങ്ങളാണ് ദുരന്തത്തിൽ കലാശിച്ചത്. ദേശീയതയോ, സ്വാതന്ത്ര്യമോ ഇവർ ഉയർത്തിപ്പിടിച്ചിട്ടില്ല. ഖിലാഫത് ഭരണകൂടം ഉണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും ഐസിഎച്ച്ആര്‍ പറയുന്നു. മലബാർ മേഖലയിലെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ ശക്തമായ ചലനമാണ് വാഗൺ ദുരന്തം ഉണ്ടാക്കിയത്. ദുരന്തത്തിനിരായവരുടെ ഓർമയ്ക്കായി തിരൂർ മുൻസിപ്പാലിറ്റി ടൗൺഹാളിന് ആ പേരാണ് നൽകിയിരിക്കുന്നത്. വാഗണിന്റെ മാതൃകയും ടൗൺഹാളിൽ സ്ഥാപിച്ചിട്ടുണ്ട്. ഈയിടെ തിരൂർ റെയിൽവേ സ്‌റ്റേഷനിൽ വാഗൺ ട്രാജഡി ചുമർചിത്രങ്ങൾ നീക്കിയ അധികൃതരുടെ നടപടി പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
വാഗൺ ദുരന്തം ചർച്ചയായതോടെ സംഭവം അന്വേഷിക്കാൻ മലബാർ സ്‌പെഷ്യൽ കമ്മീഷണർ എ. ആർ. നാപ്പ് ചെയർമാനും മദിരാശി റിട്ടേർഡ് പ്രസിഡൻസി മജിസ്‌ട്രേറ്റ് അബ്ബാസ്സ് അലി, മണ്ണാർക്കാട്ടെ കല്ലടി മൊയ്തു, അഡ്വ.മഞ്ചേരി സുന്തരയ്യർ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിക്ക് ബ്രിട്ടീഷ് അധികൃതർ രൂപം നൽകിയിരുന്നു.
അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് റയിൽവേ സർജന്റ് ആൻഡ്രൂസ്, ഒരു പോലീസ് ഹെഡ് കോൺസ്റ്റബിൾ എന്നിവരെ പ്രതിയാക്കി മദിരാശി ഗവർൺമെന്റ് കേസെടുത്തെങ്കിലും കോടതി രണ്ടുപേരെയും വെറുതെ വിട്ടു.