കോവിഷീല്‍ഡ് വാക്‌സീന്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനു മുമ്പുള്ള ഇടവേളയായി 84 ദിവസം എന്നു നിശ്ചയിച്ചത് എന്ത് അടിസ്ഥാനത്തിലാണ് എന്നു വ്യക്തമാക്കണമെന്നു ഹൈക്കോടതി. വാക്‌സീന്‍ ലഭ്യതയുടെ അടിസ്ഥാനത്തിലാണോ വാക്‌സീന്റെ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണോ എന്നു വ്യക്തമാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഒന്നാം ഡോസ് വാക്‌സീനെടുത്ത ജീവനക്കാര്‍ക്ക് 84 ദിവസത്തിനു മുമ്പ് രണ്ടാം ഡോസ് വാക്‌സീന്‍ നല്‍കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കിറ്റെക്‌സ് കമ്പനി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.
ആദ്യഘട്ടം വാക്‌സീനേഷന്‍ ആരംഭിക്കുമ്പോള്‍ രണ്ടു കോവിഷീല്‍ഡ് ഡോസുകള്‍ക്ക് ഇടയിലുള്ള കാലാവധി ആറാഴ്ച ആയിരുന്നെങ്കിലും വാക്‌സീന്‍ ലഭ്യത ഇല്ലാതെ വന്നതോടെയാണ് ദൈര്‍ഘ്യം നീട്ടിയത് എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫലപ്രാപ്തിക്ക് 84 ദിവസം തന്നെ കാത്തിരിക്കണോ എന്നു വ്യക്തമാക്കണമെന്നു കേന്ദ്രത്തോടു ചോദിച്ചിരിക്കുന്നത്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
കിറ്റെക്‌സ് കമ്പനി ജീവനക്കാര്‍ക്ക് രണ്ടാം ഡോസ് നല്‍കുന്നതിന് 12000 ഡോസ് വാക്‌സീന്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഇതു നല്‍കാന്‍ ആരോഗ്യ വിഭാഗത്തോടു നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ടാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ആദ്യ ഡോസ് എടുത്ത് 45 ദിവസം പിന്നിട്ടിട്ടും രണ്ടാം ഡോസ് നല്‍കാന്‍ അനുമതി ലഭിച്ചിട്ടില്ല എന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതു കാണിച്ച് കമ്പനി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അപേക്ഷ നല്‍കിയിരുന്നു.
ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് എന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേസ് പരിഗണിക്കുമ്പോള്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ 45 ദിവസം കഴിഞ്ഞവരെ വാക്‌സീന്‍ എടുക്കാന്‍ അനുവദിക്കണമെന്നാണ് കിറ്റെക്‌സ് ആവശ്യം.