രാഷ്ട്രീയമോഹം വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാധ്‌ര. കുടുംബവുമായി ആലോചിച്ചു രാഷ്ട്രീയപ്രവേശനം തീരുമാനിക്കുമെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. രാജ്യത്തിന്റെ താൽപര്യം അറിഞ്ഞു പ്രവർത്തിക്കും. ജനങ്ങൾക്കു മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്കു വലിയതോതിൽ ജനങ്ങളെ സഹായിക്കാൻ കഴിയുമെങ്കിൽ, മണ്ഡലത്തിലും, മറ്റു പ്രദേശങ്ങളിലും വലിയ മാറ്റങ്ങൾ വരുത്താൻ അത് ഉപകരിക്കുമെങ്കിൽ, രാഷ്ട്രീയ പ്രവേശത്തെ കുറിച്ചു ആലോചിക്കും. എന്നാൽ ഞാൻ എവിടെ നിൽക്കണം എന്നത് അടക്കമുള്ള കാര്യങ്ങൾ കുടുംബത്തിൽ ചർച്ച ചെയ്തു തീരുമാനിക്കും. അവർക്കും അത് ശരിയാണെന്നു തോന്നിയാൽ രാഷ്ട്രീയത്തിലിറങ്ങും. ഇതിലെല്ലാം പ്രധാനമായി രാജ്യത്തിന് എന്താണ് ആവശ്യം എന്നാണു ചിന്തിക്കുന്നത്. ജനങ്ങൾക്കു മാറ്റങ്ങൾ വേണം. സ്ത്രീകൾക്കു സുരക്ഷ വേണം. മികച്ച മെഡിക്കൽ സംവിധാനങ്ങൾ വേണം’– വാധ്‌രയുടെ വാക്കുകൾ.
യുപിയിൽ പ്രിയങ്കയുടെ പ്രവർത്തനങ്ങളും അവരുടെ കഠിനാധ്വാനവും തനിക്ക് അഭിമാനം നൽകുന്നതാണെന്നും അവരുടെ അച്ഛനും മുത്തശ്ശിയും ജീവൻ നൽകിയ രാജ്യത്തിനുവേണ്ടി ഫലം നോക്കാതെ രാഹുലും പ്രിയങ്കയും പ്രവർത്തിക്കുമെന്നും വാധ്‌ര കൂട്ടിച്ചേർത്തു. യുപിയിൽ ബിജെപിക്കു ഭരണത്തുടർച്ചയും പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ അട്ടിമറി വിജയവും പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണു വാധ്‌രയുടെ പ്രസ്താവനയും ചർച്ചയാകുന്നത്. ഉത്തരാഖണ്ഡിലും ഗോവയിലും ഇഞ്ചോടിഞ്ചു പോരാട്ടവും മണിപ്പുരിൽ ബിജെപിക്കു മുൻതൂക്കവുമാണു മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.