രാജ്യാന്തര സ്മാർട് ഫോൺ വിപണിയിൽ ചൈനീസ് കമ്പനികളെല്ലാം വൻ മുന്നേറ്റമാണ് നടത്തുന്നത്. നേരത്തെ സാംസങ്ങും ആപ്പിളും മുന്നേറ്റം നടത്തിയിരുന്ന മേഖലകളിലെല്ലാം ഇപ്പോൾ ചൈനീസ് ബ്രാൻഡുകളാണ് ഒന്നാമത്. ജൂണിൽ അവസാനിച്ച രണ്ടാം പാദത്തിൽ ആഗോള 5ജി സ്മാർട് ഫോൺ വിപണിയിൽ ചൈനീസ് കമ്പനി ഷഓമിയാണ് ഒന്നാമത്. ലോകത്തിലെ ഏറ്റവും വലിയ സ്മാർട് ഫോൺ നിർമാണ കമ്പനിയായ സാംസങ് 5ജി ഫോൺ വിഭാഗത്തിൽ നാലാം സ്ഥാനത്താണ്.
ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 1.56 കോടി യൂണിറ്റ് 5ജി സ്മാർട് ഫോണുകളാണ് സാംസങ് വിറ്റത്. 5ജി വിഭാഗത്തിൽ ഏപ്രിൽ-ജൂൺ കാലയളവിൽ സാംസങ്ങിന് 16.5 ശതമാനം വിപണി വിഹിതമുണ്ടെന്നാണ് മാർക്കറ്റ് റിസർച്ചർ സ്ട്രാറ്റജി അനലിറ്റിക്ക പറയുന്നത്.
എന്നാൽ, ഒന്നാം സ്ഥാനത്തുള്ള ചൈനീസ് ഷഓമിക്ക് 5ജി വിപണിയിൽ 25.7 ശതമാനം വിഹിതമുണ്ട്. വിവോ 18.5 ശതമാനം ഓഹരിയോടെ രണ്ടാമതായി. 17.9 ശതമാനം വിഹിതവുമായി ഓപ്പോയാണ് മൂന്നാമത്. ആഗോള ആൻഡ്രോയിഡ് 5ജി സ്മാർട് ഫോൺ വിപണി രണ്ടാം പാദത്തിൽ 104 ശതമാനം വർധിച്ച് 9.46 കോടി യൂണിറ്റായി.
2019 ന്റെ ആദ്യ പാദം മുതൽ 5ജി സ്മാർട് ഫോൺ വിൽപനയിൽ സാംസങ് വാവെയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു. 5ജി സ്മാർട് ഫോണുകളുടെ ലോകത്തിലെ ആദ്യത്തെ വിതരണക്കാരാണ് സാംസങ്. 2019 ന്റെ ആദ്യ പാദം മുതൽ 7.65 കോടി ആൻഡ്രോയിഡ് 5ജി സ്മാർട് ഫോണുകളാണ് സാംസങ് വിറ്റത്. അതേസമയം, വാവെയുടെ 5ജി ഫോൺ വിൽപന 9.52 കോടി യൂണിറ്റിലെത്തി.