തുടര്‍ഭരണത്തിന് അവസരം നല്‍കി കേരളത്തെ പോലെ ഉത്തര്‍ പ്രദേശും. യോഗി ആദിത്യനാഥ് സര്‍ക്കാരിന് യു.പിയില്‍ രണ്ടാമൂഴം. 37 കൊല്ലത്തിനു ശേഷമാണ് സംസ്ഥാനത്ത് ഒരു പാര്‍ട്ടിക്ക് തുടര്‍ഭരണം ലഭിക്കുന്നത്. ഭരണത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ ബി.ജെ.പി. മുഖ്യമന്ത്രി എന്ന നേട്ടത്തിനൊപ്പം സെക്കന്‍ഡ് ഇന്നിങ്‌സ് എന്ന സുവര്‍ണാവസരവും യോഗിക്ക് ലഭിച്ചിരിക്കുകയാണ്. വെല്ലുവിളിയായേക്കുമെന്ന കരുതിയ മേഖലകളിലെല്ലാം വിജയത്തേരില്‍ മുന്നേറുന്ന ബി.ജെ.പി. അതായിരുന്നു യു.പി. വോട്ടെണ്ണല്‍ദിനത്തില്‍നിന്നുള്ള കാഴ്ച. ഗൊരഖ്പുര്‍ അര്‍ബന്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയ യോഗിക്ക് എസ്.പിയിലെ ശുഭവതി ശുക്ലയും കോണ്‍ഗ്രസിന്റെ ചേതന ശുക്ലയും ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളിയായില്ല.
കര്‍ഷകസമരം, തൊഴിലില്ലായ്മ, കോവിഡ് 19, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളെയും ആരോപണങ്ങളെയും മുഖ്യമന്ത്രി എന്ന നിലയിലും സ്ഥാനാര്‍ഥി എന്ന നിലയിലും യോഗിക്ക് നേരിടേണ്ടി വന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി പാര്‍ട്ടിയില്‍നിന്നും നിരവധി എം.എല്‍.എമാര്‍ എസ്.പിയുടെ പാളയത്തിലേക്കും പോയി. നിയമസഭാ പോരാട്ടം കനത്തതാണെന്നും സര്‍ക്കാര്‍ രൂപവത്കരിക്കണമെങ്കില്‍ ഫലപ്രഖ്യാപനത്തിനു ശേഷം സഖ്യചര്‍ച്ച വേണ്ടിവരുമെന്ന് പാര്‍ട്ടി ആഭ്യന്തര റിപ്പോര്‍ട്ടും പുറത്തുവന്നു. പാലം കുലുങ്ങി, പക്ഷേ, കേളന്‍ കുലുങ്ങിയില്ല. പ്രതികൂലഘടകങ്ങളെയെല്ലാം അതിജീവിച്ച് യോഗി വിജയിച്ചു.
സന്യാസവും ഭരണനിര്‍വഹണവും. ഇവ തമ്മിലുള്ള അജഗജാന്തരത്തെ ഇല്ലാതാക്കിയ, രാഷ്ട്രീയക്കാരനായ സന്യാസിയാണ് അജയ് മോഹന്‍ ബിഷ്ട് എന്ന യോഗി ആദിത്യനാഥ്. ഹിന്ദു ദേശീയവാദ സംഘടനയായ ഹിന്ദു യുവവാഹിനിയുടെ സ്ഥാപകന്‍. ഗൊരഖ്പുര്‍ മഠത്തിലെ സന്യാസിയില്‍നിന്നാണ് യു.പി. മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള യോഗിയുടെ പരിണാമം. 2017 മാര്‍ച്ച് 19-നാണ് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തെ 22-ാമത് മുഖ്യമന്ത്രിയായി അദ്ദേഹം അധികാരമേല്‍ക്കുന്നത്. അതും ദിവസങ്ങള്‍ നീണ്ട സസ്പെന്‍സിനൊടുവിലാണ് മോദിയും അമിത് ഷായും യോഗിയുടെ പേര് നിശ്ചയിക്കുന്നത്. അത് ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായിരുന്നോ എന്നറിയാന്‍ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഉത്തരം നല്‍കും. ബി.ജെ.പിക്കും സംഘപരിവാറിനും ഏറെ താല്‍പര്യങ്ങളും ലക്ഷ്യങ്ങളുമുള്ള യു.പിയില്‍, യോഗി മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നത് ആര്‍.എസ്.എസ് താല്‍പര്യപ്രകാരമാണ്. അന്ന് ഗൊരഖ്പുര്‍ ലോക്‌സഭാ മണ്ഡലത്തിലെ സിറ്റിങ് എം.പിയായിരുന്ന യോഗി, നിയമസഭാ കൗണ്‍സില്‍ അംഗത്വത്തിലൂടെ യു.പി. നിയമസഭാംഗമായി, മുഖ്യമന്ത്രിയായി.