സുഹൃത്തിന്റെ അമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പണം വാങ്ങി പലര്‍ക്കും കൊടുത്ത പാലാ സ്വദേശിയായ യുവാവ് പിടിയില്‍. പാലാ വള്ളിച്ചിറ മണലേല്‍പ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പില്‍ ജയ്‌മോന്‍ (20) ആണ് പിടിയിലായത്. ഒരു വര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു. സുഹൃത്തിന്റെ മാതാവിന്റെ ചിത്രങ്ങള്‍ അവരറിയാതെ ക്യാമറയിലും മൊബൈല്‍ ഫോണിലും പ്രതി പകര്‍ത്തി. പിന്നീട് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്‌നഫോട്ടോകളാക്കി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് പണം സമ്പാദിക്കുകയാണു ചെയ്തതെന്ന് പാലാ എസ്എച്ച്ഒ കെ.പി.ടോംസണ്‍ പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ എം.ഡി.അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം തെങ്ങണയിലെ ബന്ധുവീട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ടെലഗ്രാം, ഷെയര്‍ ചാറ്റ് എന്നീ സമൂഹമാധ്യമങ്ങളില്‍ ഈ സ്ത്രീയുടെ പേരില്‍ അവരുടെ യഥാർഥ ചിത്രങ്ങള്‍ ചേര്‍ത്തു വ്യാജ അക്കൗണ്ടുകള്‍ പ്രതി തയാറാക്കി. അപരിചിതരായ ആളുകളോടു സ്ത്രീയാണെന്ന രീതിയില്‍ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചു. ആളുകള്‍ ആകൃഷ്ടരാകുമ്പോള്‍ സെക്‌സ് ചാറ്റ് നടത്തുകയും കൂടുതൽ അടുപ്പം സ്ഥാപിക്കുകയും ചെയ്തു.
ചാറ്റില്‍ വീണ പലരും സ്ത്രീയാണെന്നു കരുതി നഗ്‌നഫോട്ടോകള്‍ ആവശ്യപ്പെടുമ്പോള്‍ പണം നല്‍കിയാല്‍ കാണിക്കാം എന്നായിരുന്നു യുവാവ് പറഞ്ഞിരുന്നത്. തുടര്‍ന്ന് പലര്‍ക്കും ഗൂഗിള്‍ പേ അക്കൗണ്ട് അയച്ചു പണം വാങ്ങിയ ശേഷം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചു നല്‍കി. ഇതുവഴി ആറുമാസം കൊണ്ട് ഇയാള്‍ ഒന്നര ലക്ഷം രൂപയോളം സമ്പാദിച്ചു. കൂട്ടുകാരോടൊപ്പം പലയിടങ്ങളിലും പോയി ഉല്ലസിക്കാനും മദ്യപിക്കാനും മറ്റുമാണ് ഈ പണം വിനിയോഗിച്ചതെന്നും പൊലീസ് പറഞ്ഞു.
സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിപ്രകാരം 2020 സെപ്റ്റംബറില്‍ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതി കുടുങ്ങിയത്. ഒരു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ജയ്‌മോന്‍ ഇതിനിടെ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷനിലും ഹൈക്കോടതിയിലും മറ്റും പരാതി നൽകിയിരുന്നു. കിടങ്ങൂര്‍ സ്‌റ്റേഷനിലും ഇയാള്‍ക്കെതിരെ സമാനമായ കേസുണ്ടെന്നു പൊലീസ് അറിയിച്ചു. മുണ്ടക്കയം ഭാഗത്ത് ഒളിവില്‍ കഴിയുന്നതിനിടെ, വിവാഹിതയായ മറ്റൊരു സ്ത്രീയുടെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.